കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേൾക്കാൻ കളക്ടറേറ്റിൽ സംഘടിപ്പിച്ച അദാലത്തിൽ ഫേസ് വണ്ണിലെ 80 ഓളം കുടുംബങ്ങൾ പങ്കെടുത്തു.
വായ്പകളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള ലിസ്റ്റുകൾ ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തി. ഇതിൽ പുതുതായി ചേർക്കേണ്ടതായ രേഖകൾ/ വായ്പ്പകൾ ഉണ്ടെങ്കിൽ അവ ഹാജരാക്കാൻ ആവശ്യപ്പെട്ടു.
ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയവരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അദാലത്ത്. ഫേസ് 1, ഫേസ് 2എ, ഫേസ് 2ബി പട്ടികകളിലെ ഗുണഭോക്താക്കളുടെയും ദുരന്തത്തിൽ മരണപ്പെട്ടവരുടെയും ലോണുകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. 11 വരെയുള്ള ദിവസങ്ങളിൽ അദാലത്തു നടക്കും.
ഇന്ന് ഫേസ് വണ്ണിൽ ബാക്കിയുള്ളവരും ഫേസ് 2എ പട്ടികകളിലെ ഗുണഭോക്താക്കളും കളക്ടറേറ്റ് കണ്‍ഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കണം. ദുരന്തബാധിതർക്ക് 2024 ജൂലൈ 30ന് ഉണ്ടായിരുന്ന ബാങ്ക് ലോണുകൾ സംബന്ധിച്ച ബാങ്ക് ലോണ്‍ സ്റ്റേറ്റ്മെന്റ്, പാസ് ബുക്ക് എന്നിവ ഉൾപ്പെടെ കൈവശമുള്ള രേഖകൾ അദാലത്തിൽ കൊണ്ടുവരണം.
മരണപ്പെട്ടവരുടെ ലോണ്‍ സംബന്ധിച്ച വിവരങ്ങൾ ജീവിച്ചിരിക്കുന്ന മറ്റ് അടുത്ത ബന്ധുക്കൾ ലഭ്യമാക്കണം. അദാലത്തിലെത്തുന്നവർ ആധാർ അല്ലെങ്കിൽ തിരിച്ചറിൽ രേഖയുടെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ലോണ്‍ അക്കൗണ്ട് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അദാലത്തിൽ പങ്കെടുക്കുന്നതിന് വായ്പക്കാരൻ ചുമതലപ്പെടുത്തിയ സമ്മതപത്രം, മരണപ്പെട്ട വ്യകതിയുടെ അവകാശ രേഖകൾ എന്നിവയിൽ ലഭ്യമായവ കൊണ്ടുവരണം.
നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങൾ ക്യാന്പിൽ വരുന്ന മറ്റ് കുടുംബാംഗങ്ങൾ കൊണ്ടുവരേണ്ടതാണ്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.കെ. ഇന്ദു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ, ജില്ലാ ഫിനാൻസ് ഓഫീസർ ആർ. സാബു, ജീവനക്കാർ എന്നിവർ പങ്കെടുത്തു.